Ponmudi Yathra





പല തവണ പൊന്മുടിയുടെ അടുത്ത് ആനപ്പാറയിലുള്ള ബന്ധു വീട്ടിൽ വന്നിട്ടും പൊന്മുടി കാണാൻ സാധിക്കാത്തതിന്റെ പരിഭവം ഇത്തവണ കാലാവസ്ഥ തുണച്ചതുകൊണ്ടു കൊതി തീരുവോളം ആസ്വദിച്ചു കണ്ടു.



തിരുവനന്തപുരത്തു നിന്നും ബഹ്റൈനിലേക്കു തിരികെ മടങ്ങാൻ എയർ പോർട്ടിലേക്കു വരുന്ന വഴി പൊന്മുടി റൂട്ടിൽ ഉള്ള ബന്ധു വീട്ടിൽ തങ്ങി.
വീടിന്റെ മുകളിൽ നിന്നാൽ അടുത്തടുത്തായി പൊന്മുടി മലയും ബോണക്കാട് മലയും ആകാശമേഘങ്ങളുടെ വ്യത്യസ്ഥ ഭാവമാറ്റങ്ങളുടെ  അകമ്പടിയോടെ കോട മഞ്ഞിൽ മറഞ്ഞും തെളിഞ്ഞും കണ്ടങ്ങനെ നിൽക്കാൻ നല്ല രസമാണ്.


 രാവിലെ ആനപ്പാറയിൽ നിന്നും കല്ലാർ ഇക്കോ സ്പോട്ടിനടുത്തുള്ള  നാട്ടു വൈദ്യനെ കാണാൻ പോയപ്പോൾ വനത്തിൽ നിന്നും പ്രദേശവാസികൾ  ശേഖരിച്ച കലർപ്പില്ലാത്ത ഔഷധ കൂട്ടുകൾ ചേർത്ത ഒരു മണിക്കൂർ നീണ്ട ആവിക്കുളി മനസിനും ശരീരത്തിനും ഒരുപോലെ ഊർജം പകർന്ന നിമിഷങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും സ്വയം  അനുഭവിച്ചറിയേണ്ടതാണ്.
പത്മശ്രീ പുരസ്കാരം ലഭിച്ച അമ്പതു വർഷത്തിലേറെ നാട്ടു വൈദ്യത്തിൽ പ്രഗത്ഭയായ ലക്ഷ്മിക്കുട്ടി അമ്മയെ കാണാൻ പറ്റാത്ത സങ്കടം വൈദ്യനെ കണ്ടു സുഗന്ധ ലേപനങ്ങൾ അടങ്ങിയ ആവിക്കുളി കൊണ്ട് സമാധാനിക്കേണ്ടി വന്നു. മിതമായ ചൂടിൽ ആവിയിൽ പുഴുങ്ങി കുളിച്ച് കഴിയുമ്പോൾ കിട്ടുന്ന മാനസിക സുഖം ഒന്ന് വേറെ തന്നെയാണ്. അടുത്ത തവണ വരുമ്പോൾ നടക്കാതെ പോയ ഇവിടുത്തെ തനതായ ആയുർവേദ മസാജ് തീർച്ചയായും ചെയ്യണം എന്ന് മനസ്സിൽ കോറിയിട്ടു.



മനസ്സിൽ നിറയെ  പൊന്മുടി കാഴ്ചകൾ കാണാൻ വെമ്പൽ കൊണ്ട് ദിവസങ്ങളായി  തിമർത്തു പെയ്യുന്ന മഴക്കാലത്തു കാലാവസ്ഥാ അനുകൂലമാകണേ എന്ന പ്രാർത്ഥനയോടെ കാത്തിരുന്നു. ഭാഗ്യം ഇത്തവണ ഞങ്ങളുടെ കൂട്ടിനു ഉണ്ടായിരുന്നതിനാൽ ഉച്ചക്ക് ശേഷം ഇളം വെയിൽ ഉണ്ടായതുകൊണ്ട് വീണ്ടും പൊന്മുടിയിലേക്ക് വച്ചു പിടിച്ചു.
വർഷം മുഴുവൻ പ്രസന്നമായ കാലാവസ്ഥ ഉള്ള പൊന്മുടി സഞ്ചാരികളെ മാടി വിളിക്കുന്നത് പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചതുകൊണ്ടാണ്. 
ചെക്ക് പോസ്റ്റ് എത്തി എല്ലാം പരിശോധിച്ചു വീണ്ടും ഭാഗ്യം പരീക്ഷിച്ച ഞങ്ങളെ വെയിലിന്റെ അകമ്പടി ഉള്ളതിനാൽ  കുറെ ദിവസങ്ങൾക്കു ശേഷം അടഞ്ഞു കിടന്ന ചെക് പോസ്റ്റ്  കടത്തി വിട്ടു . അതുകൊണ്ടു  തന്നെ സഞ്ചാരികളുടെ തിരക്കു കുറവായിരുന്നത്  വീതി കുറഞ്ഞ റോഡിൽ സൗകര്യമായി. ഒന്നാം ഹെയർ പിൻ തുടങ്ങിയപ്പോൾ ഒരുവശത്തു  കോട മഞ്ഞു പയ്യെ മലയിറങ്ങി വരുന്നത്  കണ്ടു കണ്ടു അവസാനം ഇരുപത്തി രണ്ടു ഹെയർ പിൻ പിന്നിട്ടപ്പോൾ കോട മുഴുവൻ ഇറങ്ങിവന്നു മൂടികെട്ടി പരസ്പരം തമ്മിൽ കാണാൻ പറ്റാത്ത ആശ്ചര്യകരമായ കാഴ്ചയിൽ മതി മറന്നു നിന്ന് പോയി.
തണുപ്പും പഞ്ചാര മഴ പോലെ കുളിരണിയിച്ച ചാറ്റലും കൂടി വന്നപ്പോൾ  വീണ്ടും മുകളിലോട്ടു നീങ്ങി വീണ്ടും ഒരു ചെക്ക് പോസ്റ്റ് എത്തി .അവിടെ ഇറങ്ങിയാൽ കെ റ്റി ഡി സി യുടെ ഗോൾഡൻ പീക്ക് ഹിൽ റിസോർട്ടിലേക് പോകുന്ന വഴിക്കു  തന്നെ സർക്കാർ ഗസ്റ്റ് ഹൗസ് കാണാം



ഞങ്ങൾ വീണ്ടും നേരെ  യാത്ര തുടർന്ന് പൊന്മുടി കുന്നിന്റെ നെറുകയിൽ ഒടുവിൽ എത്തി ചേർന്നു. മഴകോട്ട് ഇട്ടു ചാറ്റൽ മഴയത്തും പൊഴിയുന്ന മഞ്ഞിലും കയറി നിൽക്കാൻ ഒരു മറയുമില്ലാതെ തണുത്തു വിറച്ചു ജോലി നോക്കുന്ന ജീവനക്കാരെ സമ്മതിക്കണം. വണ്ടി പാർക് ചെയ്തു ആദ്യം ഞങ്ങൾ പോയത് തണുപ്പിന് അല്പം ശമനം കിട്ടാൻ വഴി അനേഷിച്ചു ചെന്നപ്പോൾ പൊന്മുടി തേയില ഇട്ടു ആവി പറക്കുന്ന പാൽ ചായ ഉണ്ടാക്കുന്നത് കണ്ടു. ചുടുചായ ആവി പറക്കെ കുടിച്ചു ഷീണം അകറ്റി ഉഷാറായി.



അവിടെ കണ്ട വനവിഭവങ്ങൾ വിൽക്കുന്ന കടയിൽ വന പ്രദേശത്തിന്റെ തനിമയുള്ള വൈവിധ്യമാർന്ന  ഉത്പന്നങ്ങൾ മറ്റൊരിടത്തും ലഭിക്കാൻ സാധ്യത വിരളമായതിനാൽ തേനും ചന്ദന സോപ്പും തേയിലയും ആവശ്യത്തിന് വാങ്ങി.ഗുണമേന്മയോടെ മിതമായ നിരക്കിൽ  ലഭിക്കുന്ന നാടൻ വസ്തുക്കൾ വാങ്ങാൻ ഒട്ടു ആലോചിക്കേണ്ടി വന്നില്ല. ഒറ്റ ചായകുടിയിൽ എല്ലാം നേരിട്ട്  മനസിലാകും. അതിനു ശേഷം വിശാലമായ പുൽമേട്ടിൽ വീശിയടിക്കുന്ന കാറ്റും ചാറ്റൽ മഴയും ഒരുപോലെ ആസ്വദിച്ചു ഓടിയും നടന്നും നേരം സന്ധ്യ മയങ്ങുവോളം കണ്ടു.
പ്രകൃതി ഓരോ നിമിഷവും ഒരുക്കുന്ന പൊന്മുടിയിലെ കാഴ്ചകളുടെ കുട മാറ്റം ജീവിതത്തിൽ കാണേണ്ട കാഴ്ചയാണ്.



തിരികെ മടങ്ങാൻ നേരം ചെക്ക് പോസ്റ്റിൽ എത്തി വലത്തേക്കുള്ള വഴിയിൽ ഉള്ള  കെ ടി ഡി സി റിസോർട്ടിൽ കയറി സൗകര്യങ്ങൾ കണ്ടു മനസിലാക്കുവാൻ അവിടെ താമസിക്കാനായി  അല്ല ഞങ്ങൾ വന്നത് എങ്കിൽ പോലും   ജീവനക്കാർ സഹകരിച്ചു എന്നത് വേറിട്ട അനുഭവമായി.   കുന്നിൻ മുകളിൽ നിന്നും  താഴേക്കു തട്ട് തട്ടായുള്ള സ്ഥലത്തു  വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത് തീർത്തും സ്വകാര്യത നിലനിർത്തുന്നു.

നൂൽ മഴയിൽ അലിഞ്ഞു നടന്ന ഷീണം മാറ്റാൻ കെ റ്റി ഡി സി റെസ്റോറന്റിൽ നിന്ന് ഓരോ ചുടു കാപ്പിയും കുടിച്ചു  അവിടെ നിന്നും തൊട്ടടുത്തുള്ള  സർക്കാർ ഗസ്റ്റ് ഹൗസിൽ പുറത്തെ  മഞ്ഞ് മൂടുന്ന  കാഴ്ച  ഇരുട്ടുന്ന വരെ കണ്ട ശേഷം വീണ്ടും വരുമ്പോൾ ഇവിടെ താമസിക്കാൻ പറ്റാത്ത കുറവ് നികത്താൻ  മനസ്സിൽ കുറിച്ച് വണ്ടി നേരെ വിതുരയിലേക്കു നീങ്ങി. ഒരു പിടി നല്ല കാഴ്ചകൾ സമ്മാനിച്ച പ്രകൃതിയുടെ വിവിധ വർണങ്ങൾ ചാലിച്ച പൊൻമുടിയിൽ കണ്ടതും നേരിട്ടു അനുഭവിച്ചതും  ഇനിയും കൊതി തീരാത്ത കാണാൻ ബാക്കി വച്ച  ഇവിടേക്ക് ഒരു തവണ  വന്നാൽ വീണ്ടും വീണ്ടും എത്താൻ പ്രേരിപ്പിക്കുന്നു.


നൂല്‍ മഴയില്‍ അലിഞ്ഞ് പൊന്മുടിയിലൂടെ.........

https://www.mathrubhumi.com/travel/travel-blog/ponmudi-eco-tourism-center-ponmudi-travel-1.4241547 


Comments

Popular posts from this blog

Georgia Travel

Multi Level Parking